bags

ബാഗിനും മോയ്‌സ്ചറൈസര്‍

നല്ല വില കൊടുത്ത് വാങ്ങിയ ലതര്‍ബാഗ് ഒന്നു നനഞ്ഞപ്പോള്‍ expiry date കഴിഞ്ഞ അവസ്ഥയിലായി എന്ന് പരിതപിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്. നമ്മുടെ ചര്‍മ്മം പോലെ തന്നെ ബാഗുകള്‍ക്കും മോയ്‌സ്ചറൈസര്‍ ആവശ്യമാണ്. ഇല്ലെങ്കില്‍ അവ പെട്ടെന്ന് വിണ്ടുകീറും.

Vegetable tanned leather bag ആണെങ്കില്‍ ഒട്ടും പ്രശ്‌നമില്ല. കടുംനിറങ്ങളിലുള്ള ഇവയ്ക്ക് ദീര്‍ഘകാലക്ഷമതയും ബലവുമുണ്ട്. അതല്ല സാധാരണബാഗാണെങ്കില്‍ മഴയില്‍ നനഞ്ഞാല്‍ ചെയ്യേണ്ടത് ഇത്രമാത്രം. ആദ്യം അതിനകത്തുള്ള വസ്തുക്കള്‍ എടുത്തുമാറ്റണം. എന്നിട്ട് ഈര്‍പ്പം തട്ടാത്ത സ്ഥലത്തോ ഒരു എയര്‍കണ്ടീഷന്‍ഡ് റൂമിലോ വയ്ക്കണം. ഹീറ്ററിന് മുകളില്‍ പിടിച്ച് ചൂടുപിടിപ്പിക്കുകയോ സൂര്യപ്രകാശത്തില്‍ വയ്ക്കുകയോ ചെയ്യരുത്. ഇത് ലെതറിലുള്ള പ്രകൃതിദത്തമായ ഓയിലിനെ നശിപ്പിക്കുകയും ബാഗിന്റെ മൃദുലത നഷ്ടപ്പെടുത്തുകയും ചെയ്യും. അതോടെ പെട്ടെന്ന് തന്നെ ലതര്‍ കട്ടിപിടിക്കുന്നതിനും വിണ്ടുകീറുന്നതിനും ഇടയാകും.

ബാഗ് ഉണങ്ങിയതിന് ശേഷം നല്ലൊരു ക്രീമോ വാക്‌സോ ലതര്‍ ബാഗിന് മുകളില്‍ പുരട്ടാം. ക്രീം പഞ്ഞി ഉപയോഗിച്ച് തൂത്ത് പിടിപ്പിക്കണം. ബാഗിന് മൃദുലതയും തിളക്കവും കിട്ടും. മഴക്കാലത്ത് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഫംഗസ് ബാധയും തടയാം. വളരെക്കാലം പുതുപുത്തന്‍ പോലിരിക്കാന്‍ ലതര്‍ബാഗുകള്‍ തുണിസഞ്ചിയിലോ തുണിയിലോ പൊതിഞ്ഞ് സൂക്ഷിക്കാം. പൊടിയില്‍ നിന്നും ഈര്‍പ്പത്തില്‍ നിന്നും ബാഗിനെ രക്ഷിക്കാനും ഇതാണ് നല്ലത്.

| Gijimol P

jwellary

ഡയമണ്ടിനൊപ്പം പേള്‍ വയ്ക്കരുത്

ആഭരണങ്ങളുടെ ആയുസ് നീട്ടുന്നത് നമ്മളുടെ ശ്രദ്ധയാണ്. വൃത്തിയായി സൂക്ഷിച്ചാല്‍ ദീര്‍ഘകാലം ഉപയോഗിക്കാം. ആഭരണങ്ങള്‍ ഉപയോഗശേഷം എവിടെയെങ്കിലും വയ്ക്കുക പലരുടെയും പതിവാണ്. എത്ര ബോക്‌സുണ്ടെങ്കിലും സ്വര്‍ണവും ഡയമണ്ടും വെള്ളിയും എല്ലാം ഒന്നിച്ചുവയ്ക്കും. ഡയമണ്ടും റൂബിയും പോലുളളവ പേള്‍ പോലെ മൃദുവായ മുത്തുകളില്‍ പോറല്‍ വീഴ്ത്തും. ഒപ്പം സ്വര്‍ണ്ണത്തിലും പാടുകള്‍ വീഴും.

ഓരോ ആഭരണങ്ങളും പ്രത്യേകം ബോക്‌സുകളിലോ തുണികൊണ്ടുള്ള പൗച്ചുകളിലോ പൊതിഞ്ഞ് സൂക്ഷിക്കുന്നതാണ് നല്ലത്. മാലകള്‍ ഒന്നിച്ച് വച്ചാല്‍ കുരുക്ക് വീഴാനിടയാകും. ഇങ്ങനെ കുരുക്കുകള്‍ വീണാല്‍ മാല പൊട്ടാനുള്ള സാധ്യതയേറും. ഏത് ആഭരണമായാലും ദിവസേന ഉപയോഗിക്കുമ്പോള്‍ ചെളിയും അഴുക്കും കയറി തിളക്കം നഷ്ടപ്പെടും. ടൂത്ത് ബ്രഷും ചെറുചൂടുളള സോപ്പുവെള്ളവും ഉപയോഗിച്ച് ഇവ വൃത്തിയാക്കാം. അമോണിയ അടങ്ങിയ ജുവലറി ക്ലീനറുകളും നല്ലതാണ്. എന്നാല്‍ ക്ലോറിന്‍ അടങ്ങിയവ ഉപയോഗിക്കരുത്. ഇവ സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ക്ക് കേട് വരുത്തും.

ദിവസേന അണിയുന്ന ആഭരണങ്ങള്‍ വര്‍ഷത്തിലൊരിക്കല്‍ ജുവലറിയില്‍ പരിശോധിപ്പിക്കുന്നത് നല്ലതാണ്. ക്ലിനീംഗും പോളിഷിങ്ങും നടത്താം. കല്ലുകളോ മറ്റോ നഷ്ടപ്പെട്ടാല്‍ മാറ്റിവയ്ക്കുകയും ചെയ്യാം. ഇത് നിങ്ങളുടെ ആഭരണങ്ങളെ ബ്രാന്‍ഡ് ന്യൂ ആയി നിലനിര്‍ത്തും. നീന്തല്‍ക്കുളത്തിലിറങ്ങും മുന്‍പ് ആഭരണങ്ങളെല്ലാം അഴിച്ചുവയ്‌ക്കുന്ന കാര്യവും മറക്കേണ്ട. ഇല്ലെങ്കില്‍ വെള്ളത്തിലെ ക്ലോറിന്‍ ആഭരണങ്ങളുടെ ആയുസ് കുറയ്ക്കും.

മോതിരം, വള, ബ്രേസ് ലെറ്റ് എന്നിവയാണ് വളരെ പെട്ടെന്ന് കേടാകുന്നത്. വീട്ടുജോലി ചെയ്യുമ്പോഴും കായികാധ്വാനത്തില്‍ ഏര്‍പ്പെടുമ്പോഴും ഇവ ഉപയോഗിക്കാതിരിക്കുക. ഉറങ്ങാന്‍ കിടക്കും മുന്‍പ് കമ്മലുകള്‍ ഊരി വയ്ക്കുക. ഇത് കാതിലെ ദ്വാരം വലുതാകാതെ ഒരു പരിധി വരെ കാക്കും. പെര്‍ഫ്യൂം അടിക്കുമ്പോള്‍ ആഭരണങ്ങളില്‍ വീഴരുത്. സ്വര്‍ണ്ണവും റോഡിയം പോളിഷ് ചെയ്ത ആഭരണവും കറുപ്പ് നിറത്തിലാകാന്‍ ഇതിടയാക്കും.

| Gijimol P

back-open-blouse

ബാക്ക് ഓപ്പണ്‍ is back

സാരിയുടെ കൂടെ ഇനി ബാക്ക് ഓപ്പണ്‍ ബ്ലൗസുകള്‍ ധരിക്കാം. കാ‍രണം ഈ പഴയ ഫാഷന്‍ ശക്‍തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ബാക്ക് നെക്ക് വയ്ക്കുമ്പോള്‍ സ്‌ക്വയറാകുകയാണ് നല്ലത്. U നെക്കും Vനെക്കും ബാക്ക് ഓപ്പണിന് എല്ലാവര്‍ക്കും യോജിക്കണമെന്നില്ല. ഫ്രണ്ട് നെക്ക്, സ്‌ക്വയറോ റൗണ്ടോ ആകാം. വൈഡ് ഓപ്പണ്‍ ആയാലും ഭംഗിയായിരിക്കും. ബാക്ക് നെക്കില്‍ ചുരിദാര്‍ നെക്കുകളില്‍ നടത്തുന്ന പരീക്ഷണങ്ങളും നടത്താം.

ഇനി സെക്‌സി ലുക്ക് വേണമെന്നുള്ളവര്‍ക്ക് halter neck ബാക്ക് ഓപ്പണ്‍ ബ്ലൗസുകള്‍ ധരിക്കാം. ബ്ലൗസ് സ്ലീവ്‌ലെസോ സ്ലീവ് ഉള്ളതോ ആകാം. ഷോര്‍ട്ട് സ്ലീവാണ് ബാക്ക് ഓപ്പണിന് എപ്പോഴും നല്ലത്. ഫ്രണ്ട് ഓപ്പണ്‍ ബ്ലൗസിന്റെ അത്ര കട്ടിങ്ങുകള്‍ ഇവയ്ക്ക് വരുന്നില്ല, അതിനാല്‍ തയ്‌ക്കാനും എളുപ്പം. ബാക്ക് ഓപ്പണിന് ആകെയുള്ള പ്രശ്‌നം ധരിക്കുവാന്‍ ആരുടെയെങ്കിലും സഹായം വേണ്ടി വരുമെന്നത് മാത്രമാണ്.

| Gijimol P

www.glamdays.com